Tuesday, October 6, 2009

വിശ്വാമിത്രന്റെ യാഗരക്ഷ‌

ശ്രീരാമനു പതിനഞ്ചുവയസു തികഞ്ഞു. ദശരഥന്‍‍‍ മക്കളുടെ വിവാഹത്തെക്കുറിച്ചു ചിന്തിക്കാന്‍‍‍ തുടങ്ങി. അങ്ങനെയിരിക്കേയാണ് അയോദ്ധ്യയിലേക്ക് വിശ്വാമിത്രമഹര്‍‍‍ഷി എഴുന്നെള്ളിയത്.

കുശികവംശത്തില്‍‍ പിറന്ന ഒരു രാജാവായിരുന്നു വിശ്വാമിത്രന്‍‍‍. ഒരിക്കല്‍‍‍ നായാട്ടുകഴിഞ്ഞു മടങ്ങിന്ന അവസരത്തില്‍‍‍ വസിഷ്‍‍ഠമഹര്‍‍‍ഷിയുടെ ആശ്രമത്തില്‍‍‍ അദ്ദേഹം എത്തുവാനിടയായി. വസിഷ്‍ഠനാവട്ടെ ഒരു രാജാവിനെ സത്കരിക്കേണ്ട വിധത്തില്‍‍‍ തന്നെ വിശ്വാമിത്രനേയും കൂട്ടരേയും ഉപചരിച്ചു. ആവശ്യപ്പെടുന്നതെല്ലാം നല്‍‍‍കുന്ന കാമധേനുവെന്ന പശുവാണ് വസിഷ്‍ഠമഹര്‍‍‍ഷിയെ ഇക്കാര്യത്തില്‍‍‍ സഹായിച്ചുകൊണ്ടിരുന്നത് എന്ന് വിശ്വാമിത്രന്‍‍‍ മനസ്സിലാക്കി. ആ പശുവില്‍‍‍ മോഹം തോന്നിയ വിശ്വാമിത്രന്‍‍‍‍ അതിനെ തനിക്കുവേണമെന്ന് ആവശ്യപ്പെടുകയും പകരമായി അനേകം പശുക്കളെ തിരിച്ചു നല്‍‍‍കാമെന്നും പറഞ്ഞു. എന്നാല്‍‍‍ ആ വഗ്ദാനങ്ങള്‍‍‍‍ക്കൊന്നും വസിഷ്‍‍ഠന്‍‍‍ വഴങ്ങിക്കൊടുത്തില്ല. എന്നാല്‍‍‍ ബലം പ്രയോഗിച്ചു പിടിച്ചെടുക്കാന്‍‍‍ തന്നെ വിശ്വാമിത്രന്‍‍‍ തീരുമാനിച്ചു. സൈനികര്‍‍‍ കാമധേനുവിനുനേരെ തിരിഞ്ഞു. അതുവരെ ശാന്തസ്വരൂപിയായിരുന്ന കമധേനു വാലുയര്‍‍‍ത്തി സംഹാരരൂപിണിയായി. അവളുടെ ഓരോ അവയവത്തില്‍‍‍ നിന്നും അനേകം യോദ്ധാക്കള്‍‍‍ ഉത്ഭവിച്ച് വിശ്വാമിത്രസേനയുമായി ഏറ്റുമുട്ടി. വിശ്വാമിത്രന്‍‍‍ അയച്ച അമ്പുകളെല്ലാം വസിഷ്‍‍ഠന്‍‍‍ കൈകൊണ്ടു പിടിച്ചെടുത്തു. ഒടുവില്‍‍‍ ബ്രഹ്മതേജസ്സിനാണ് ക്ഷാത്രവീര്യത്തേക്കള്‍‍‍ കരുത്തുള്ളതെന്ന് വിശ്വാമിത്രന്‍‍‍ മനസ്സിലാക്കി. ഒരു ഋഷിയുടെ ശക്‍തി രാജശക്‍‍തിയേക്കാള്‍‍‍ വളരെ വലുതാണെന്നു മനസ്സിലാക്കിയ വിശ്വാമിത്രന്‍‍‍ സ്വയം പിന്തിരിഞ്ഞു. തുടര്‍‍‍ന്ന് ആ ശക്തി നേടുന്നതിനായി കഠിനതപസ്സനുഷ്ടിച്ചു തുടങ്ങി. ആരുടെ ഏതു തപസ്സും തന്റെ ഇന്ദ്രപ്പട്ടത്തെ ബധിച്ചേക്കുമെന്നു കരുതിപ്പോരാറുള്ള ദേവേന്ദ്രന്‍‍‍ ദേവനര്‍‍‍ത്തകികളെ അയച്ച് വിശ്വാമിത്രന്റെ തപസ്സുമുടക്കാന്‍‍‍ ശ്രമിച്ചത് പ്രസിദ്ധമാണ്. എന്നാല്‍‍‍ വിശ്വാമിത്രന്റെ ദൃഢനിശ്ചയത്തിനു മുമ്പില്‍ ദേവേന്ദ്രനു തോറ്റു കൊടുക്കേണ്ടി വന്നു. പിന്നീട്‍‍ മഹാബ്രഹ്മര്‍‍‍ഷിയെന്ന പദവി വിശ്വാമിത്രന്‍‍‍ നേടിയെടുത്തു. ലോകം മുഴുവന്‍‍‍ കീര്ത്തി കേട്ട ബ്രഹ്മര്‍‍‍ഷി വിശ്വാമിത്രനെ എല്ലാവരും ഭയഭക്തിബഹുമാനത്തോടെയാണു കണ്ടിരുന്നത്.‍

രാജധാനിയില്‍‍‍ പ്രവേശിച്ച വിശ്വാമിത്രനെ ദശരഥനും വസിഷ്‍‍ഠനും ദശരഥപത്നിമാരും പുത്രന്‍‍മാരും ചേര്‍‍ന്ന് വന്ദിച്ച് എതിരേറ്റു കൊണ്ടുപോയി ഷോഡശോപചാരങ്ങള്‍‍ എല്ലാം നടത്തി പൂജിച്ചു. മഹര്‍‍‍ഷി അവയെല്ലാം സ്വീകരിച്ച് രാജകുടുംബത്തെ ആശീര്‍‍‍വദിച്ചു. അതിനുശേഷം ആഗമനോദ്ദേശം ഭക്തിബഹുമാന പുരസരം മഹര്‍‍ഷിയോട്‍ ദശരഥന്‍‍‍ ആരാഞ്ഞു. അദ്ദേഹം ഇപ്രകാരം ആവശ്യപ്പെട്ടു.

"ഞാന്‍‍‍ സര്‍‍‍വ്വജന സംതൃപ്തി ലക്ഷ്യമാക്കി അമാവാസിതോറും നടത്തിവരാറുള്ള യാഗത്തെ കുറിച്ച് അങ്ങു കേട്ടു കാണുമല്ലോ. എന്നാല്‍‍‍ കുറച്ചുകാലമായി രാവണന്റെ ബന്ധുക്കളായ മാരിചന്‍‍‍, സുബാഹു തുടങ്ങിയ രക്ഷസന്‍‍‍മാര്‍‍‍ ഞങ്ങളെ ഉപദ്രവിച്ചു വരുന്നു. അവര്‍‍‍ മൃഗങ്ങളെ കൊന്ന് യാഗാഗ്നിയിലേക്ക് മാംസരക്താദികള്‍‍‍ വലിച്ചെറിയുന്നു. ആ ശല്യം മാറ്റിക്കിട്ടുവനാണ് ഞാന്‍‍‍ വന്നിരിക്കുന്നത്. ഞാന്‍‍‍ യാഗദീക്ഷ സ്വീകരിച്ചിരിക്കുന്നതിനാല്‍‍‍ അവരോട് യുദ്ധ‍ം ചെയ്യാനും നിവൃത്തിയില്ല."

"അതാണോ കാര്യം. ഇപ്പോള്‍‍‍ തന്നെ ഞാന്‍‍ അങ്ങയുടെ കൂടെ പുറപ്പെടാം."

"ആങ്ങു വരേണ്ട. എന്റെ തപശക്തി കൊണ്ടുതന്നെ അവരെ വധിക്കാനെനിക്കു കഴിയും. പക്ഷേ, അപ്രകാരം ചെയ്യേണ്ട ഒരു വിഷയമല്ല ഇതെന്നു മനസ്സുപറയുന്നു. എനിക്കാവശ്യം രാമനെയാണ്. ഞങ്ങളുടെ തപശ്ചര്യകള്‍‍‍ വിഘ്നം കൂടാതെ കഴിഞ്ഞുപോകാന്‍‍‍ രാമനെ പത്തു ദിവസത്തേക്കു വിട്ടു തന്നാല്‍‍‍ മതി. രാമനു മാത്രമേ അതിനു സാധിക്കുകയുള്ളൂ."

ഈ വാക്കുകള്‍‍‍ കേട്ട ദശരഥന്‍‍‍ സ്തംഭിച്ചു നിന്നു പോയി. അദ്ദേഹം വളരെ ദു:ഖിതനായിത്തീര്‍‍‍ന്നു. രാമനെ അയക്കുവന്‍‍ അദ്ദേഹത്തിനു തീരെ മനസ്സുവന്നില്ല. രാമനെ പിരിഞ്ഞിരിക്കാനുള്ള ശക്തിയില്ലാത്തതിനാല്‍‍‍ ദശരഥന്‍‍‍ ഇങ്ങനെ പറഞ്ഞു:

"രാമന്‍‍ കേവലമൊരു ബാലനല്ലേ. മായാരൂപികളായ രക്ഷസന്മാരോട് എതിരിടാന്‍‍‍ മാത്രം അവന്‍‍‍ വളര്‍‍‍ന്നിട്ടില്ലല്ലോ. ഒന്നുമറിയാത്ത ഈ കുട്ടിയെ എങ്ങനെ ഞാന്‍‍‍ കാട്ടിലേക്കയക്കും? ഞാന്‍‍‍ ചതുരംഗസേനകളുമായി വന്ന് എല്ലാ രക്ഷസരേയും വധിച്ചു യാഗരക്ഷ ചെയ്താല്‍‍ പോരേ? രാമനെ അയച്ചു തരാന്‍‍‍ എനിക്കു സാധിക്കുമെന്നു തോന്നുന്നില്ല."

ത്രിശങ്കു സ്വര്ഗസ്ഥനേപ്പോലെ, ദശരഥന്‍‍‍ ധര്‍‍മ്മ സങ്കടത്തോടെ പറഞ്ഞു നിര്‍‍ത്തി. വിശ്വാമിത്രന്റെ കണ്ണുകള്‍‍‍ കോപം കൊണ്ടു ജ്വലിച്ചു.ദശരഥന്റെ ഭാവപ്രകടനമൊന്നും സ്വതവേ അഹങ്കാരിയും ഗര്‍‍‍വിഷ്‍‍ഠനുമായ വിശ്വാമിത്രനു സഹിച്ചില്ല.

എനിക്കാവശ്യം ഇപ്പോള്‍‍‍ അങ്ങയുടെ മൂത്ത പുത്രന്‍‍‍ രാമനേയാണ്. രാമനെ എന്റെ കൂടെ അയച്ചില്ലെങ്കില്‍‍‍ നീയും നിന്റെ വംശവും തന്നെ മൂടിയുമെന്നോര്‍‍‍ത്തോ."

ഭീക്ഷണി സ്വരത്തിലുള്ള ഈ വാക്കുകള്‍‍‍ കേട്ട് ദശരഥനു സഹിക്കാന്‍‍ പറ്റാത്ത സങ്കടമുണ്ടായി. അതു ശ്രദ്ധിച്ച മഹര്‍‍‍ഷി മറ്റൊരു രീതിയില്‍‍‍ വിഷയം അവതരിപ്പിച്ചു:

"ദശരഥാ രാമനേയും മറ്റും കൊണ്ടുള്ള ഉപകാരം ഈ രാജധാനിയില്‍‍‍ മാത്രം ഒതുങ്ങേണ്ടതല്ല. എല്ലാ പ്രജകള്‍‍‍ക്കും അതു ലഭിച്ചിരിക്കണം. സൂര്യവംശത്തില്‍‍‍ പിറന്ന നിന്റെ ധര്‍‍‍മ്മം എന്നെ അനാദരിക്കലാണെങ്കില്‍‍‍ അതു തന്നെ നടക്കട്ടെ."

ഇത്രയും പറഞ്ഞ് വിശ്വാമിത്രന്‍‍‍ മടങ്ങിപ്പോകാനൊരുങ്ങി. തന്നെ ശരിക്കും അറിയാവുന്ന വസിഷ്‍‍‍ഠനെ ഒന്നു നോക്കുകയും ചെയ്‍തു. വസിഷ്‍‍ഠന്‍‍‍ വിശ്വാമിത്രന്റെ യോഗ്യതകളെ ദശരഥനു വിശദീകരിച്ചു കൊടുത്തു.

"സംശയിക്കേണ്ട ദശരഥാ. ഇദ്ദേഹത്തിന്റെ കൂടെ കുമാരന്മാരെ ധൈര്യമായി പറഞ്ഞുവിട്ടുകൊള്ളൂ. അവര്‍‍ക്കൊരാപത്തും സംഭവിക്കില്ല. കുട്ടികളെ ഏതാപത്തില്‍‍‍ നിന്നും രക്ഷിക്കുവാനുള്ള ശക്തി ഈ മഹര്‍ഷിശ്രേഷ്ഠനുണ്ട്. മാത്രമല്ല അദ്ദേഹം അവര്‍‍‍ക്ക് ആയോധനകലയില്‍‍ കുറവുള്ള പല കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കുകയും ചെയ്യും. അതുമുലം അവര്‍‍ക്കും നിനക്കും ശ്രേയസ്സുണ്ടാകും."

ഇത്രയും പറഞ്ഞതു കൂടാതെ വസിഷ്ഠന്‍‍‍ ദശരഥനെ ശ്രീരാമന്റെ അവതാര രഹസ്യം അറിയിച്ചു കൊടുത്തു. അതുകൂടി കേട്ടപ്പോള്‍‍ ദശരഥനില്‍‍‍ നിന്നും നിരാശയും മനോവേദനയും അകന്നു. അദ്ദേഹം മക്കളെ വരുത്തി. അവര്‍‍‍ വിശ്വാമിത്രനെ വന്ദിച്ചു. ദശരഥന്‍‍ പറഞ്ഞു:

"ആവിടുത്തെ ആഗ്രഹം പോലെത്തന്നെ ഞാന്‍‍‍ സമ്മതിക്കുന്നു. എന്റെ അവിവേകം മൂലം വന്നുപോയ തെറ്റു പൊറുക്കണം"
അതിനു ശേഷം ദശരഥന്‍‍‍ രാമലക്ഷ്‍‍മണന്‍‍മാരെ അരികില്‍‍ വിളിച്ച് കെട്ടിപ്പിടിച്ച് ചുംബനങ്ങള്‍‍‍ നല്‍‍‍കി അനുഗ്രഹിചശേഷം മഹര്‍‍‍ഷിയെ ഏല്‍‍പ്പിച്ചു. വിശ്വാമിത്രന്‍‍‍ ദശരഥനെ അനുഗ്രഹിച്ചു. പിന്നീട് വില്ലും ശരങ്ങളുമേന്തി രാമലക്ഷ്മണന്മാരുമായി വിശ്വാമിത്രന്‍‍‍ കൊടുംകാട്ടിലേക്കു യാത്രയായി.

വിദ്യാഭ്യാസം

നാലു കുമാരന്‍‍മാരും മിടുക്കരായി വളര്‍‍‍ന്നുവന്നു. രാമന്റെ നിഴല്‍‍ പോലെ ലക്ഷ്‍‍മണനും ഭരതനു കൂട്ടായി ശത്രുഘ്‍‍നനും ഒന്നിച്ചു കൂട്ടുകൂടിയും പഠിച്ചും കളിച്ചും വളര്‍‍‍ന്നുവന്നു. ദശരഥന്‍‍‍ കുട്ടികള്‍‍ക്കുവേണ്ട ക്രിയാദികളെല്ലാം വേണ്ടും വിധം ചെയ്തുകൊടുത്തു. കുമാരന്‍‍‍മാര്‍‍ക്കു അഞ്ചുവയസു കഴിഞ്ഞപ്പോള്‍‍‍ കുലഗുരുവായ വസിഷ്‍‍ഠമഹര്‍‍‍ഷിയെക്കൊണ്ട് വിദ്യാഭ്യാസം ചെയ്യിക്കാനാരംഭിച്ചു. ആചാര്യശ്രേഷ്‍‍ഠന്‍‍ ശാസ്ത്രങ്ങളും പുരാണങ്ങളും അവരെ അഭ്യസിപ്പിച്ചു. അവര്‍‍‍ അതിവേഗത്തില്‍‍ തന്നെ ശ്രുതി സ്‍‍മൃതികളും ലളിതകലകളും അസ്ത്ര ശാസ്ത്രം തുടങ്ങിയ ആയുധവിദ്യകളും പഠിച്ചു. പന്ത്രണ്ടുവയസു പൂര്‍‍‍ത്തിയയപ്പോള്‍‍‍ ധനുര്‍‍വിദ്യയില്‍‍‍ അവര്‍‍‍ പാടവം തികഞ്ഞ് അതി സമര്‍‍‍ത്ഥരായി മാറി. ധര്‍‍മ്മ ശാസ്‍‍ത്രത്തിലവരെ ജയിക്കാന്‍‍‍ പണ്ഡിതന്‍‍ മാരില്ലാത്ത അവസ്ഥ വന്നു. അവര്‍‍‍ കോസല രാജ്യത്തിന്റെ കണ്ണിലുണ്ണികളായി വിളങ്ങിനിന്നു.