Sunday, September 20, 2009

രാമായണത്തെക്കുറിച്ച്

ശ്രീരാമന്റെ ജീവിതത്തെ ആസ്പദമാക്കി വാല്മീകി രചിച്ച ഇതിഹാസ കഥയാണു രാമായണം. രാമായണം ആദികാവ്യവും അതെഴുതിയ വാല്മീകി ആദികവിയുമാണ്. 'രാമന്റെ അയനം' (അയനം = യാത്ര) ആണു രാമായണം. ശ്രീരാമന്റെ ജീവിതയാത്രയാണിത്‍. ഏഴു കാണ്ഡങ്ങളിലായാണ് രാമായണകഥ പ്രതിപാതിച്ചിരിക്കുന്നത്‍. അവ യഥാകൃമം, ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‍കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണ്. ഇരുപത്തിനാലായിരം(24000) ശ്ലോകങ്ങളിലായാണ് വാല്മീകീരാമായണം എഴുതിയിരിക്കുന്നത്. 24 അക്ഷരങ്ങളില്‍ കൂടിപ്രകടമാകുന്ന ഗായത്രീമന്ത്രം 24000 ശ്ലോകങ്ങളായി വിസ്‍തൃതമായതാണ് രാമായണമെന്നു പറയാം. കാരണം ഓരോ 1000 ശ്ലോകത്തിന്റേയും തുടക്കം വേദമൂലമായ ഗായത്രീമത്രത്തിന്റെ ആദ്യാക്ഷരങ്ങളാലാണ്. ഇതുമൂലം രാമായണത്തിന് ഗായത്രീരമയണമെന്ന വിശേഷണവുമുണ്ട്. സാരോപദേശങ്ങളും തത്ത്വദര്‍‍ശനങ്ങളും കൊണ്ട്‍ സമ്പുഷ്‍ടമാണ് ഈ കൃതി. അതുകൊണ്ടുതന്നെയാണിത്‍ നിത്യപാരായണത്തിനായി വീടുകളില്‍‌ ഉപയോഗിച്ചുവന്നത്.

പഴയ തലമുറയില്‍‍ രാമായണം പാരായണം ചെയ്യുന്നത്‍ ഒഴിച്ചുകൂടാന്‍‍ പറ്റാത്ത സംഗതിയായിരുന്നു. വിവാഹാവസരങ്ങളിലും മരണശയ്യയ്‍ക്കു സമീപവും രാമായണം പകുത്തുവായിക്കലൊരു ചടങ്ങാണ്. പ്രത്യേക ചടങ്ങുകളില്‍‍ താലത്തിനോടൊപ്പം രാമയണവും വെയ്‍ക്കുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെ എല്ലാ സ്തുതികളും നിത്യജപത്തിനുള്ള നാമങ്ങളാണ്. ദേശിയോദ്‍ഗ്രഥനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു രാമായണം. രാമായണം എഴുതപ്പെടാത്തതോ, തര്‍‍ജ്ജമ ചെയ്യപ്പെടാത്തതോ ആയി ഒരൊറ്റഭാഷയും ഭാരതത്തിലില്ല. ആദ്യം പ്രൌഡഭാഷയായ സംസ്‍കൃതത്തിലൊതുങ്ങിനിന്ന രാമായണം ക്രമേണ എല്ലാ പ്രാദേശികഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി. രാമായണകഥയെ ഉപജീവിച്ചുകൊണ്ട് എണ്ണമറ്റ കലാരൂപങ്ങളുടലെടുത്തു. കഥയിലും കവിതയിലും ചിത്രത്തിലും ശില്പത്തിലുമൊക്കെയെന്ന പോലെ നൃത്തത്തിലും രാമായണകഥയ്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സീതാദേവിയുടെ ജന്മസ്ഥലം നേപ്പാളിലാണ്, രാവണവധം കഴിഞ്ഞുവരുന്ന രാമന്‍‌ ഗംഗാനദിയിലെ വെള്ളംകൊണ്ട് രാമേശ്വരം ക്ഷേത്രത്തില്‍‍ അഭിക്ഷേകം നടത്തുന്നുണ്ട്. ശബരിമലയില്‍‍ ശ്രീരാമപാദവും ജടായു രാവണനെ എതിരിട്ട് മരണമടഞ്ഞ ജടായുമംഗലം ചടയമംഗലമെന്ന പേരിലിന്നുമുണ്ട്, ഉത്തര്‍‍പ്രദേശിലെ സരയൂനദി ഇന്നും നമുക്കു ദൃശ്യമാണ്. ലങ്കയിലേക്കുള്ള പാലം നിര്‍മ്മിച്ചതിന്റെ അവശിഷ്‍ടം നമുക്കിന്നും കാണാന്‍‍ കഴിയുന്നു. വയനാട്ടില്‍‌ ലവകുശന്‍‌മാര്‍‌ ജനിച്ചു വളര്‍‌ന്ന സ്ഥലം പ്രസിദ്ധമാണ്. അതുകൊണ്ടൊക്കെത്തന്നെയാണു ഭാരതീയ ഏകതയുടെ പ്രതീകമായി രാമയണത്തെക്കാണുന്നത്.

ഇതിഹാസകഥാപാത്രമായെ ശ്രീരാമനെ രാഷ്ട്രീയക്കാര്‍‍ അവരുടെ സ്വകാര്യനേട്ടങ്ങള്‍‍ക്കുവേണ്ടി ഉപയോഗിച്ചുതുടങ്ങിയതോടെ ശ്രീരാമനെന്നുച്ചരിക്കുന്നതു തന്നെ അല്പം പേടിയോടെയാണ്. ഭൂരിപക്ഷം വരുന്ന ആളുകളുടെ മനസ്സിലെ വികാരമാണ് ശ്രീരാമചന്ദ്രന്‍‍‍‍. ആ വികാരത്തെ കൂട്ടുപിടിച്ച്, ജനങ്ങളില്‍‍‍ വര്‍ഗീയത വളര്‍‍‍ത്തി പള്ളിപൊളിക്കാനും അമ്പലംകെട്ടാനും ഇറങ്ങിത്തിരിക്കുന്നവര്‍‍‍ മനസ്സറിഞ്ഞൊരിക്കലെങ്കിലും രാമായണം വായിച്ചിരുന്നെങ്കിലെന്നാശിക്കുന്നു. ധര്‍മ്മപ്രബുദ്ധനായ ഒരു ഭരണാധികാരി ഭരിക്കുന്ന രാജ്യമാണ് 'രാമരാജ്യം'. 'യഥാ രാജ: തഥാ പ്രജ:'(രാജാവെങ്ങനെയാണോ അതുപോലെത്തന്നെ പ്രജകളും) എന്നതാണു രാമരാജ്യതത്ത്വം. രാജാവ്‍ ധര്‍മിഷ്‍ഠനും നല്ലവനുമായാല്‍‍ ജനങ്ങളും അങ്ങനെ ആയിമാറിക്കൊള്ളും. പ്രജകള്‍‍ രാജാവിന്റേയും രാജാവ് പ്രജകളുടേയും ക്ഷേമതല്പരരായിരിക്കും. വാല്മീകിയുടെ തന്നെ വാക്കുകളില്‍‍‍ 'എവിടെ കാമമോഹിതരില്ലയോ, എവിടെ വിദ്യാവിഹീനരില്ലയോ, എവിടെ ക്രൂരബുദ്ധികളില്ലയോ, എവിടെ ഈശ്വരനിന്ദകരില്ലയോ അവിടെയാണ് രാമരാജ്യം' അല്ലാതെ ആറടികുറുവടിയുടെ മിടുക്കില്‍‍ ആരാധനാലയങ്ങളെ തച്ചുടുച്ച്, പച്ചജീവിതങ്ങളെ ചുട്ടെരിച്ചുകെട്ടിപടുക്കേണ്ടതല്ല രാമരാജ്യം.കോടികളുടെ കോഴപ്പണത്താലുണ്ടാവേണ്ട നാണംകെട്ട രാഷ്‌ട്രീയകൂട്ടുകെട്ടുമല്ല രാമരാജ്യം. ഏതൊരു വിപരീതസാഹചര്യത്തിലും സത്യത്തിന്റേയും ധര്‍‍മ്മത്തിന്റേയും മാര്‍‍‍ഗത്തില്‍‍നിന്നു വ്യതിചലിക്കതെ മുന്നേറിയ ശ്രീരാമചന്ദ്രന്റെ ജിവിതം ഏവര്‍‍ക്കും ഒരു വഴികാട്ടിയാണ്; ആദര്‍‍ശമാണ്.

ദശരഥന്റെ പുത്രലാഭാലോചന‌

ഭാരതത്തില്‍‍ കോസലം എന്ന രാജ്യത്തെ രാജാവായിരുന്നു ദശരഥന്‍‍. സൂര്യവശത്തില്‍‍ ജനിച്ച ദശരഥന്‍‍ നീതിമാനായൊരുന്നു. കോസലരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അയോദ്ധ്യ. മറ്റു രാജാക്കന്‍‍‍മാരെ ജയിച്ച്, ചക്രവര്‍‍ത്തീപദവും ദശരഥന്‍‍‍ കൈക്കലാക്കിയിരുന്നു. ദശരഥന്റെ സമര്‍‍ത്ഥനായ മന്ത്രിയായിരുന്നു സുമന്ത്രന്‍‍. രാജ്യകാര്യങ്ങളില്‍‍ സുമന്ത്രന്റെ നല്ല സഹായവും ദശരഥനു ലഭിച്ചിരുന്നു. ദശരഥനു മൂന്നു ഭാര്യമാരുണ്ടായിരുന്നു. അവര്‍‍ യഥാക്രമം കൌസല്യ, കൈകേയി, സുമിത്ര എന്നിവരായിരുന്നു. ആദ്യം കൌസല്യയെയായിരുന്നു അദ്ദേഹം വിവാഹം കഴിച്ചത്. ഇതില്‍‍‍ ശാന്ത എന്ന പേരോടുകൂടിയ ഒരു പുത്രി ദശരഥനുണ്ടായിരുന്നു. അംഗരാജ്യാധിപനായ‌ ലോമപാദന്, പിന്നീട് ദത്തുപുത്രിയായി ശാന്തയെ കൊടുക്കുകയാണുണ്ടായത്. അംഗരാജ്യത്തില്‍‍ മഴ പെയ്യിച്ച ഋഷ്യശൃംഗന് ലോമപാദന്‍‍ ഈ പുത്രിയെ വിവാഹം കഴിച്ചുകൊടുത്തു. ഒരു പുത്രനുണ്ടാനാന്‍‍ വേണ്ടി കേകയ രാജാവിന്റെ പുത്രിയും യുധാജിത്തിന്റെ അനുജത്തിയുമായ കൈകേയിയെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. എന്നല്‍‍ കൈകേയില്‍‍ നിന്നും ഒരു പുത്രലാഭമുണ്ടാകാതിരുന്നതിനാല്‍‍‍ അദ്ദേഹം പിന്നീട്‍ സുമിത്രയെക്കൂടി ഭാര്യയായി സ്വീകരിക്കുകയുണ്ടായി.

മറ്റെല്ലാ സുഖസൌകര്യങ്ങളുണ്ടായിട്ടും ഈ മൂന്നു ഭാര്യമാരില്‍‍‍ നിന്നും സന്താനഭാഗ്യം ലഭിക്കാത്തതില്‍‍ ദശരഥന്‍‍ അതിയായി ദു:ഖിച്ചു. പല തരത്തിലുള്ള ദാനധര്‍‍മ്മാദികള്‍‍ നടത്തി. നിരവധി പുണ്യക്ഷേത്രങ്ങളും തീര്‍‍ത്ഥ സങ്കേതങ്ങളും സന്ദര്‍‍ശിച്ചു. എന്നിട്ടൊന്നും അദ്ദേഹത്തിന്റെ ആഗ്രഹസിദ്ധി ഉണ്ടായില്ല. രാജ്യം ഒന്നടങ്കം അദ്ദേഹത്തിന്റെ ദു:ഖത്തില്‍‍ പങ്കുചേര്‍‍ന്നു. ദശരഥനു വാര്‍‍ദ്ധക്യകാലം അടുത്തുവന്നു. ഒരിക്കല്‍‍ കുലഗുരുവായ വസിഷ്‍ഠമഹര്‍‍ഷിയെ സമീപിച്ച് എന്തെങ്കിലുമൊരു മാര്‍‍ഗം നിര്‍‍ദ്ദേശിച്ചുതരണമെന്ന്‍ അഭ്യര്‍‍‍ത്ഥിച്ചു. പുത്രഭാഗമില്ലതെ തന്റെ കാലം തീര്‍‍ന്നാല്‍‍ സൂര്യവംശം തന്നെ മുടിഞ്ഞുപോകും. അതിനിടവരരുത്.

ജ്ഞാനിയായ വസിഷ്‍ഠമഹര്‍‍ഷി, ദശരഥനോട്‍‍ 'പുത്രകാമേഷ്‍ടി'യെന്നൊരു യാഗത്തേക്കുറിച്ചു പറഞ്ഞു. വിസിഷ്‍ഠനിര്‍‍ദ്ദേശപ്രകാരം പുത്രകാമേഷ്‍ടിയാഗം നടത്താന്‍‍ തന്നെ ദശരഥന്‍‍‍ തീരുമാനിച്ചു. യാഗം നടത്താന്‍‍ ഋഷ്യശൃംഗമഹര്‍‍ഷിയെത്തന്നെ വരുത്തി. അയോദ്ധ്യാനഗരാതിര്‍‍ത്തിയിലുള്ള സരയൂനദീ തീരത്തുവെച്ചു യാഗം നടത്താമെന്നു ഋഷ്യശൃംഗന്‍‍ പറഞ്ഞു. അങ്ങനെ യാഗം ആരംഭിച്ചു. യാഗത്തില്‍‍‍ പങ്കെടുക്കാന്‍‍‍ പുത്രി ശാന്തയും എത്തിയിരുന്നു. യാഗാവസാനം യാഗകുണ്ഡത്തില്‍‍‍ നിന്നും ഒരു ദിവ്യപുരുഷന്‍‍ ഉയര്‍‍ന്നു വന്നു. ഇതുസൂര്യഭഗവാനാണെന്നു പറയപ്പെടുന്നു. ആ ദിവ്യപുരുഷന്‍‍ വെള്ളികൊണ്ടുമൂടിയ തങ്കപ്പാത്രത്തില്‍‍ വിശിഷ്‍ഠമായൊരു പായസം ദശരഥനു സമ്മാനിച്ചു. എന്നിടു പറഞ്ഞു:

"ബ്രഹ്മദേവന്റെ നിര്ദ്ദേശപ്രകാരം എത്തിയതാണു ഞാന്‍‍. ദേവനിര്‍‍മ്മിതമാണീ പായസം. ഇതു സന്താനലബ്‍ധി ഉണ്ടാക്കുവാന്‍‍ പര്യാപ്‍തമാണ്. ഇതു ഭാര്യമാര്‍‍ക്കു ഭക്ഷിക്കുവാന്‍‍ കൊടുത്തലും. അങ്ങേയ്‍‍ക്കു മക്കളുണ്ടാവും"

യാഗാനന്തരം ദശരഥന്‍‍‍ അതിയായ സന്തോഷത്തോടെ ആ പായസം മൂന്നുഭാര്യമാര്‍‍ക്കും പങ്കിട്ടുകൊടുത്തു. രജ്ഞിമാര്‍‍ മൂവരും ഒരുപോലെ ഗര്‍‍ഭം ധരിച്ചു. രാജ്യം ഒന്നടങ്കം സന്തോഷിച്ചു. പത്തുമാസവും അയോദ്ധ്യാനിവാസികള്‍‍‍ക്ക് ഉത്സവമായിരുന്നു. ദശരഥമഹാരാജവു പായസം പങ്കുവെച്ചപ്പോള്‍‍‍ കൌസല്യയ്ക്കും കൈകേയിക്കും തുല്യമായി പങ്കുവെച്ചുപോയെന്നും പിന്നീട് കൌസല്യയും കൈകേയിയും തങ്ങള്‍‍‍ക്കുകിട്ടിയ പങ്കൂകളില്‍‍ നിന്നും തുല്യമായി പങ്കിട്ട് സുമിത്രയ്ക്കുകൊടുത്തുവെന്നും അങ്ങനെ സുമിത്രയ്ക്കു രണ്ടു പങ്കു ലഭിച്ചുവെന്നും ഒരു പറയപ്പെടുന്നു.

ശ്രീരാമചന്ദന്റെ അവതാരലക്ഷ്യം

വശ്രവസിന്റെ പുത്രനും ലങ്കാധിപനുമാണ് രാക്ഷകുലജാതനായ രാവണന്‍‍. ഒരിക്കല്‍‍ രാവണന്‍‍‍ കൊടുംതപസ്സു ചെയ്‍ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി. ദേവന്മാര്‍‍, ഗന്ധര്‍‍വന്‍മാര്‍‍, യക്ഷന്‍‍മാര്‍‍, അസുരന്‍‍മാര്‍‍, രാക്ഷസന്‍‍മാര്‍‍‍, ഇവര്‍‍ക്കാര്‍‍ക്കും തന്നെ വധിക്കുവാന്‍‍ സാധിക്കരുതെന്ന വരം വാങ്ങിച്ചു. ആ വരവലത്തിന്റെ പിന്‍‍ബലത്തില്‍‍ അഹങ്കാരിയായിമാറിയ രാവണന്‍‍‍ കണ്ണില്‍‍‍കണ്ടവരെയൊക്കെ ഉപദ്രവിച്ചുവന്നു. ദേവരാജാവായ ദേവേന്ദ്രനെവരെ അപമാനിക്കുകയും ഋഷിമാരെയും ബ്രാഹ്മണരേയും അതികഠിനമായിത്തന്നെ രാവണന്‍‍ ദ്രോഹിക്കുകയും ചെയ്‌തു.. ഭൂമിയിലും രാവണന്റെ പരാക്രമങ്ങളാല്‍‍ പൊറുതിമുട്ടിയപ്പോള്‍‍‍ ഭൂമിദേവിതന്നെ മുന്‍‍കൈ എടുത്ത് ദേവേന്ദ്രനോടൊപ്പം ബ്രഹ്മദേവനോടു പോയി പരാതിപ്പെട്ടു.

താന്‍‍കൊടുത്ത വരബലത്തിലൊരു പഴുതുണ്ടെന്നും അതിയായ അഹന്ത നിമിത്തം അവനതു വിസ്മരിക്കുകയാണെന്നും ബ്രഹ്മാവുപറഞ്ഞു. മനുഷ്യകുലത്തെ, അവജ്ഞമൂലം വെറും കേവലന്‍മാരായിക്കണ്ട രാവണന്റെ അന്ത്യത്തിന് ഒരു മനുഷ്യനാണാവശ്യം. അങ്ങനെ എല്ലവരും കൂടി കൈലാസത്തിലെത്തുകയും മഹാദേവനോടു കാര്യങ്ങള്‍‍ പറയുകയും ഛെയ്തു. പക്ഷേ, ദുഷ്ടനാണെങ്കിലും രാവണന്‍‍‍ നല്ലൊരു ശിവഭക്തനായിരുന്നു. ഭക്തനെ വധിക്കന്‍‍ മഹാദേവനു പറ്റുമായിരുന്നില്ല. മഹാദേവനിര്‍‍ദ്ദേശപ്രകാരം പാലാഴിയിലെത്തി യോഗനിദ്രയില്‍‍‍ ശയിച്ചിരുന്ന മഹാവിഷ്‍ണുവിനെ കണ്ടു സങ്കടം ഉണര്‍‍‍ത്തിച്ചു:

"ഇതിനുമുമ്പ്, ലോകസ‍ംരക്ഷണത്തിനായി പല അവതാരങ്ങള്‍ കൈകൊണ്ടിട്ടുള്ള ഭഗവാന്‍‍ ഒരു മനുഷ്യനായി ജനിച്ച് രാവണനിഗ്രഹം നടത്തി ഞങ്ങളുടെ ഇപ്പോഴത്തെ സങ്കടത്തില്‍‍ നിന്നും രക്ഷിച്ചാലും"

ഭഗവാന്‍‍ അവര്‍‍ക്കു സമാധാനമരുളി: "പേടിക്കേണ്ട, വേണ്ടതുടനേ ചെയ്യുന്നുണ്ട്, എന്റെ ചൈതന്യത്തെ നാലായി പകുത്ത് മക്കളില്ലതെ വിഷമിച്ചിരിക്കുന്ന അയോദ്ധ്യാപതിയായ ദശരഥമഹാരാജാവിന്റെ പത്നിമാരില്‍‍ പുത്രഭാവത്തില്‍‍‍ ഭൂമിയില്‍‍‍ ജന്മം കൊള്ളുന്നതായിരിക്കും. രാവണനേയും കൂട്ടരേയും വധിച്ചു ഭൂമിദേവിയെ പരിപാലിക്കുന്നതായിരിക്കും."
------------------------------
ദശരഥന്റെ പുത്രലാഭാലോചന എന്ന രണ്ടാം അധ്യായത്തിലേക്കുപോവുക.

രാമായണവിശേഷങ്ങള്‍‍

രാമായണവുമായി ബന്ധപ്പെട്ട മറ്റുചില കാര്യങ്ങളാണിവിടെ പറയാനുദ്ദേശിക്കുന്നത്. ദയവായി കുറച്ചുനാളുകള്‍കൂടി കാത്തു നില്‍‌ക്കുക.



  • 01. ശ്രീരാമന്റെ വംശാവലി

  • 02. ശ്രീരാമജാതകം

  • 03. രാമപദത്തിന്റെ നിര്‍‍വചനം

  • 04. രാമശബ്‍ദം

  • 05. നമാര്‍‍ത്ഥങ്ങള്‍‍

  • 06. സംസ്‍കൃത രാമായണങ്ങള്‍‍

  • 07. ഭാഷാരാമായണങ്ങള്‍‍

  • 08. വൈദേശികരാമായണങ്ങള്‍‍‍

  • 09. അനുബന്ധകാവ്യങ്ങള്‍‍

  • 10. ഷഡ്‍കാണ്ഡങ്ങളിലെ വിഷയങ്ങള്‍‍‍

  • 11. തുഞ്ചത്തെഴുത്തച്ചന്റെ ധ്യാനശ്ലോകം

  • 12. ഏകശ്ലോകരാമായണം

  • 13. സുന്ദരകാണ്ഡത്തിന്റെ പ്രത്യേകത‌

  • 14. ദോഷപരിഹാരങ്ങള്‍‍

  • 15. രാമായണവും കര്‍‍ക്കിടവും

  • 16. കര്‍‍ക്കിടകത്തിലെ അനുഷ്ഠാനങ്ങള്‍‍

  • 17. കര്‍‍ക്കിടകത്തെയ്യങ്ങള്‍‍

  • 18. നാലമ്പല‍ം തീര്‍‍ത്ഥയാത്ര

  • 19. രാമായണത്തിലെ കാണ്ഡങ്ങള്‍‍

  • 20. ഋഷിമാര്‍‍

  • 21. രാമായണത്തിലെ ലോകങ്ങള്‍‍

  • 22. രാമായണത്തിലെ രാജ്യങ്ങള്‍‍

  • 23. രാമായണത്തിലെ സ്ത്രീകള്‍‍

  • 24. വൃക്ഷങ്ങളും ഔഷധങ്ങളും

  • 25. ഗുണത്രയം

  • 26. കുടുംബബന്ധങ്ങള്‍‍‍

  • 27. യോഗചക്രങ്ങള്‍‍‍

  • 28. രാമസോദരരും വേദങ്ങളും

  • 29. പുരുഷാര്‍‍ത്ഥങ്ങള്‍‍‍

  • 30. ബന്ധപ്പെട്ട പുരാണങ്ങള്‍‍‍

  • 31. രാമായണമുദ്രകള്‍‍

  • 32. യു.എസ്. കറന്‍‍‍സിയില്‍‍‍

  • 33. ശ്രീരാമതിലകം

  • 34. ശ്രീരാമ നവമി

  • 35. രാമായണവും ഗായത്രിമത്രവും

  • 36. രാമരാജ്യം

  • 37. ശ്രീരാമജയം എഴുത്ത്

  • 38. രാമേശ്വരം

  • 39. ദിവ്യാസ്‍ത്രങ്ങള്‍‍

  • 40. ശ്രീരാമസ്‍‍തോത്രങ്ങള്‍‍‍

  • 41. വിശോഷദിവസങ്ങള്‍‍‍

  • 42. പ്രാര്‍‍‍ത്ഥനാശ്ലോകം

  • 43. ശ്രീരാമമൂലമന്ത്രം

  • 44. ശ്രീരാമഗായത്രി

  • 45. രാമാഷ്ടകം

  • 46. രഘൂത്തമാഷ്ടകം

  • 47. ശ്രീരാമചന്ദ്രസ്‍തവം

  • 48. ശ്രീരാമഭജനം

  • 49. ശ്രീരാമക്ഷേത്രങ്ങള്‍‍‍

  • 50. ശ്രീരാമമംഗളം